ഇംഗ്ലീഷില്‍ സായന്തന്‍ ദത്ത ദി ലൈഫ് ഓഫ് സയന്‍സ് അംഗങ്ങളുടെ സഹായത്തോടെ എഴുതിയത്
മലയാള പരിഭാഷ എറിക് പോളിന്റെ സഹായത്തോടെ അക്ഷയ് എസ് ദിനേശ് തയ്യാറാക്കിയത്
മുന്നറിയിപ്പ്: ജാതീയ അധിക്ഷേപങ്ങളും, ആത്മഹത്യകളും ചര്‍ച്ച ചെയ്യപ്പെടുന്ന ലേഖനം
This article was originally written in English and can be found here. This translation is by Akshay S. Dinesh.
ഐ ഐ ടി ഖരക്പൂറിലെ അസോസിയേറ്റ് പ്രൊഫസര്‍ ആയ സീമ സിങ്ങ് ഒരു ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍പ്പെട്ടതും ഭിന്നശേഷിയുള്ളതുമായ വിദ്യാര്‍ത്ഥികളുടെ മേല്‍ അധിക്ഷേപങ്ങള്‍ തൊടുത്തു വിടുന്ന വീഡിയോകള്‍ ഏപ്രില്‍ മാസത്തില്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിണ്ടായിരുന്നു. ഒരു വിദ്യാര്‍ത്ഥി ജനഗണമനയ്ക്കിടയില്‍ എഴുന്നേറ്റ് നില്‍ക്കാഞ്ഞതിനും, ഭാരത് മാതാ കീ ജയ് എന്ന് പറയാഞ്ഞതിനും സീമ സിങ്ങിന്റെ പ്രതികരണമായിരുന്നു ഇത് എന്നാണ് ആരോപണം. മുത്തച്ഛന്റെ മരണശേഷം കുറച്ചു ദിവസങ്ങള്‍ക്കായി അവധി അപേക്ഷിച്ച്കൊണ്ട് ഒരു വിദ്യാര്‍ത്ഥി അയച്ച ഇമെയിലിനോട് പരസ്യമായി സീമ സിങ്ങ് പ്രതികരിക്കുന്നത് മറ്റൊരു വീഡിയോയില്‍ കാണാം. “മനുഷ്യ മനസ്സിനെ ഉപയോഗിക്കാതിരിക്കുന്നത്” എന്നൊക്കെയാണ് അവര്‍ ഇതിനെ പ്രതികരണത്തില്‍ വിശേഷിപ്പിക്കുന്നത്. ഐ ഐ ടി ഖര്കപൂറിലെ അദ്ധ്യാപകരുടെ അധികാരശക്തിയെക്കുറിച്ചും പുറത്ത് വന്നിരിക്കുന്ന വീഡിയോകളില്‍ അവര്‍ പറയുന്നുണ്ട് – “നിങ്ങള്‍ക്കെന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല”. ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ നിര്‍ദിഷ്ടമായ മാര്‍ക്കിനു മേലെ ലഭിച്ചിട്ടും സീറ്റ് കിട്ടാതെ പോയ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ ബി സി, ഭിന്നശേഷി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രിപറേറ്ററി കോര്‍സ് എല്ലാ ഐഐടികളും നല്‍കുന്നുണ്ട്. ഒരു വര്‍ഷത്തിനു ശേഷം ഇതില്‍ വിജയിക്കുന്നവര്‍ക്ക് അഡ്മിഷന്‍ ലഭിക്കുമെങ്കിലും, വിദ്യാര്‍ത്ഥികളുടെ ജയപരാജയം നിര്‍ണ്ണയിക്കുന്നത് അദ്ധ്യാപകര്‍ ആണ്. ഇപ്രകാരം ഐഐടി ഖരക്പൂര്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിലാണ് മേല്‍പറഞ്ഞ കൃത്യങ്ങള്‍ നടന്നിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഐഐടികളിലെ പല പൂര്‍വവിദ്യാര്‍ത്ഥികളും, വിവിധ ജാതിവിരുദ്ധ സംഘടനകളും ഈ വീഡിയോകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. ഐഐടി ബോംബെയിലെ അംബേദ്കര്‍ പെരിയാര്‍ ഫൂലെ പഠന വൃത്തം (APPSC) സീമ സിങ്ങിന്റെ അക്രമങ്ങളെ പരസ്യമായി അപലപിച്ചുകൊണ്ട് അവരെ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടു. പട്ടികജാതികളും പട്ടികഗോത്രവര്‍ഗ്ഗങ്ങളും (അതിക്രമങ്ങള്‍ തടയല്‍) ആക്റ്റ് പ്രകാരം സീമ സിങ്ങിനെതിരെ കേസെടുക്കാനും, ഇത്തരം അധിക്ഷേപങ്ങള്‍ തടയാനും എതിര്‍ക്കാനും ഐഐടികളില്‍ ജാതിവിവേചനത്തിനെതിരെ എസ് സി, എസ് ടി, ഒ ബി സി സെല്ലുകള്‍ പടുത്തുകെട്ടണമെന്നും കൂടി അവര്‍ അവകാശപ്പെട്ടു. സീമ സിങ്ങിന്റെ പ്രസ്താവനകളുടെ മേലെ തങ്ങളുടെ ജുഗുപ്സ അറിയിച്ചുകൊണ്ടും അവരുടെ രാജി ആവശ്യപ്പെട്ടുകൊണ്ടും ആയിരത്തില്‍പരം പൂര്‍വവിദ്യാര്‍ത്ഥികള്‍ ഐഐടി ഖരക്പൂര്‍ ഡയറക്റ്റര്‍ക്ക് എഴുതുകയുണ്ടായി. #End_Casteism_In_IITs എന്ന വാക്യം ട്വിറ്ററില്‍ വ്യാപകമായി ഉയര്‍ത്തപ്പെട്ടു. പല ജാതിവിരുദ്ധ പ്രവര്‍ത്തകരും ഐഐടി ബോംബെ APPSC ഉന്നയിച്ച അവകാശങ്ങള്‍ ശരിവച്ചുകൊണ്ട് പ്രതികരിച്ചു. ഐഐടി പൂര്‍വവിദ്യാര്‍ത്ഥികളായ ഇരുപത്തഞ്ച് സ്ത്രീകള്‍ ഐഐടി ഖരക്പൂര്‍ ഡയറക്റ്റര്‍ക്ക് പ്രത്യേകം എഴുതുകയും ഉണ്ടായി.
കുറച്ചു് ദിവസങ്ങള്‍ക്കുള്ളില്‍ സീമ സിങ്ങിന്റെ ക്ഷമാപണം പുറത്തുവന്നു. അതില്‍ അവര്‍ തങ്ങളുടെ പെരുമാറ്റത്തെ കോവിഡ്-19 പിടിപ്പെട്ടതും, സാമൂഹികമായി ഒറ്റപ്പെട്ടതും കാരണം ഉളവായ മാനസിക പിരിമുറുക്കത്തിന്മേല്‍ ചാര്‍ത്തുകയായിരുന്നു.
ഈ കുറിപ്പ് തയ്യാറാക്കുന്ന സമയത്ത് സീമ സിങ്ങ് സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്, അവരുടെ മേല്‍ അതിക്രമങ്ങള്‍ തടയല്‍ ആക്റ്റ് പ്രകാരം കേസ് എടുത്തിട്ടുമുണ്ട്. പക്ഷെ അവരെ പിരിച്ചുവിട്ടിട്ടില്ല എന്നതും ഐഐടി ബോംബെ APPSC ഉയര്‍ത്തിയ മറ്റു അവകാശങ്ങള്‍ക്കുമേല്‍ ഐഐടി ഖരക്പൂറിന്റെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിയും ജാതിവിവേചനവും പ്രത്യക്ഷമായും പരോക്ഷമായും കളിയാടുന്നുണ്ട്. അതിന്റെ ആഘാതം പാര്‍ശ്വവത്കരിക്കപ്പെട്ട ജാതിവിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ജീവിതത്തില്‍ പലപ്പോഴായും പലവിധേനയും ഉണ്ടാവുന്നുണ്ട്. ജാതിയിലും ജാതിവിവേചനത്തിലും ഊന്നികൊണ്ടുള്ള നിഷേധത്തിന്റെയും ഒഴിവാക്കലിന്റെയും രീതികള്‍ ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ മനസ്സിലാക്കാനും അടിവരയിട്ടുകാണിക്കാനുമായി TheLifeofScience.com മെയ് 8, 2021ന് വെബിനാര്‍ രൂപത്തിലുള്ള ഒരു തത്സമയ സംഭാഷണം സംഘടിപ്പിക്കുകയുണ്ടായി. അതിനെ പൂര്‍ണ്ണരൂപത്തില്‍ ഇവിടെ കാണാം.
പുതിയതല്ലാത്ത പ്രതിഭാസം
“ഒഴിവാക്കലിന്റെ ഇപ്രകാരമുള്ള സമ്പ്രദായങ്ങള്‍ ഈ സര്‍വകലാശാലകളില്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നെങ്കിലും സീമ സിങ്ങിന്റെ കാര്യത്തിലെ പുതുമ അത് ഓണ്‍ലൈന്‍ ആയിരുന്നു എന്നതാണ്. അവര്‍ ഉപയോഗിച്ച വാക്കുകളോ, അവരുടെ കാഴ്ചപ്പാട് വെളിപ്പെടുത്താനുപയോഗിച്ച വികാരങ്ങളോ പുതിയതേയല്ല” – വൈശാലി ഖാണ്ഡേക്കർ, നരവംശശാസ്ത്രവിജ്ഞാനി
സീമ സിങ്ങ് സംഭവം ശ്രദ്ധ നേടുമ്പോള്‍, ഐഐടി പോലുള്ള സ്ഥാപനങ്ങളില്‍ ജാതി വിവേചനം നടക്കുന്നതിതാദ്യമായിട്ടല്ല എന്നത് ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. ഐഐടി ഹൈദരാബാദിലെ നരവംശശാസ്ത്രവിജ്ഞാനിയായ വൈശാലി ഖാണ്ഡേക്കറുടെ സൂക്ഷമനിരീക്ഷണം – “ഒഴിവാക്കലിന്റെ ഇപ്രകാരമുള്ള സമ്പ്രദായങ്ങള്‍ ഈ സര്‍വകലാശാലകളില്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നെങ്കിലും സീമ സിങ്ങിന്റെ കാര്യത്തിലെ പുതുമ അത് ഓണ്‍ലൈന്‍ ആയിരുന്നു എന്നതാണ്. അവര്‍ ഉപയോഗിച്ച വാക്കുകളോ, അവരുടെ കാഴ്ചപ്പാട് വെളിപ്പെടുത്താനുപയോഗിച്ച വികാരങ്ങളോ പുതിയതേയല്ല”. ഐഐടി ഖരക്പൂര്‍ സംഭവത്തിനു് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സാമൂഹിക ശാസ്ത്രത്തിന്റെ ഡീനും, രാഷ്ട്രതന്ത്രത്തിന്റെ പ്രൊഫസറുമായ കൗശല്‍ കുമാര്‍ മിശ്ര പാര്‍ശ്വവത്കരിക്കപ്പെട്ട ജാതി പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാരെയും ബി ആര്‍ അംബേദ്കറിനെയും കളിയാക്കികൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുകയുണ്ടായി. എഫ് ഐ ആറിനു ശേഷം ഇപ്പോള്‍ ഇത് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ജാതി അധിക്ഷേപനത്തിനും ജാതി വിവേചനത്തിനും നഷ്ടപ്പെട്ട പാര്‍ശ്വവത്കരിക്കപ്പെട്ട പശ്ചാത്തലങ്ങളില്‍ നിന്നുള്ള അനേകം വിദ്യാര്‍ത്ഥികളുടെ വ്യവസ്ഥാപിത കൊലപാതകങ്ങള്‍ വെബിനാര്‍ സംഭാഷണത്തില്‍ എല്ലാ പാനല്‍ അംഗങ്ങളും വേദനയോടെ പരാമര്‍ശിച്ചു. അനികേത് അംബോര്‍, ഐഐടി ബോംബെയില്‍ ദളിത് വിദ്യാര്‍ത്ഥി, 2014ല്‍ തന്റെ മരണത്തിലേക്ക് വീണു. അനികേതിന്റെ മരണം മനഃപൂര്‍വ്വമോ അതോ അപകടമോ എന്ന സംശയം ബാക്കിനില്ക്കുമ്പോള്‍ തന്നെ ജാതി അധിഷ്ടിത പീഡനം അനികേതിനെ ആത്മഹത്യ എന്ന കടുങ്കയ്യിലേക്ക് നയിച്ചു എന്ന് അവരുടെ മാതാപിതാക്കള്‍ ആരോപിച്ചു. അനികേതിന്റെ മരണസാഹചര്യങ്ങളിലേക്ക് കണ്ണോടിക്കാന്‍ ഐഐടി ബോംബെ മൂന്നംഗ സമിതി രൂപീകരിച്ചു. സമിതിയുടെ കണ്ടെത്തലുകള്‍ ഒരിക്കലും പരസ്യമാക്കപ്പെട്ടില്ലെങ്കിലും, ഇന്ത്യന്‍ എക്സപ്രസ്സ് പത്രപ്രകാരം ജാതി അധിഷ്ടിത പീഡനം അല്ല മറിച്ച് തനിക്കുണ്ടായിരുന്ന “ആത്മനിഷ്ഠമായ പരസ്പരവൈരുദ്ധ്യങ്ങളാണ് ” അനികേതിന്റെ മരണകാരണം എന്ന് സമിതി അനുമാനിച്ചു. എന്നിരുന്നാലും സമിതി ഒന്നുകൂടി സമ്മതിച്ചു – “സര്‍ക്കാറിന്റെ സംവരണനയത്തിനെതിരായുള്ള ദൃഢീകരിക്കപ്പെട്ട മനോഭാവങ്ങള്‍ മൂലം എസ് സി/എസ് ടി ക്വാട്ട വഴി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകളിലും ഡിപ്പാര്‍ട്ട്മെന്റുകളിലും പ്രയാസങ്ങള്‍ അനുഭവിക്കാന്‍ സാധ്യത ഉണ്ട്”
അനവധിയില്‍ ഒന്നാണ് അനികേതിന്റെ കാര്യം. യൂണിവേര്‍സിറ്റി ഓഫ് ഹൈദരാബാദില്‍ (UoH) ദളിത് പി എച് ഡി വിദ്യാര്‍ത്ഥി ആയിരുന്ന രോഹിത് വെമുലയുടെ 2016ലെ മരണം കുറച്ചുകൂടി പരിചിതമായ ഒരു അദ്ധ്യായമാണ്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദിന്റെ (ABVP) ഹൈദരാബാദ് സെന്റ്രല്‍ യൂണിവേര്‍സിറ്റി വിഭാഗാംഗങ്ങളുടെയും സര്‍വകലാശാല കാര്യനിര്‍വ്വാഹകരുടെയും ജാതി അതിക്രമങ്ങള്‍ക്കും അകറ്റിനിര്‍ത്തലുകള്‍ക്കും ഇരയായതാണ് രോഹിത്തും കൂട്ടുകാരം എന്നത് സ്പഷ്ടമാണ്. ഹൃദയഭേദകമായ തന്റെ ആത്മഹത്യാകുറിപ്പില്‍ രോഹിത് പറയുന്നു – “എന്റെ ജനനമാണ് എന്റെ മരണകാരണമായ അപകടം. ചെറുപ്പത്തിലെ ഒറ്റപ്പെടലില്‍ നിന്നും എനിക്ക് ഒരിക്കലും കരകയറാന്‍ പറ്റില്ല.” ഇന്ത്യയിലെ പരമോന്നത കലാലയ പരിസരങ്ങളിലെ ജാതി വിവേചനത്തിന്റെ ഭീകരമായ പല അനുഭവങ്ങളും രോഹിത്തിനു ശേഷം വെളിച്ചത്തു് വന്നു. എസ് അനിത (മെഡിക്കല്‍ വിദ്യാഭ്യാസ അഭിലാഷി), പായല്‍ തഡ്‍വി (ബി യൈ എല് നായര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍), മുത്തുകൃഷ്ണന്‍ (ജെ എന്‍ യൂവിലെ ഗവേഷകന്‍), ഫാത്തിമ ലത്തീഫ് (ഐഐടി മദ്രാസിലെ മാസ്റ്റേര്‍സ് വിദ്യാര്‍ത്ഥി) എന്നിവരുടെ ആത്മഹത്യകളും, നജീബ് അഹമദിന്റെ (ജെ എന്‍ യൂവിലെ എം എസ് സി വിദ്യാര്‍ത്ഥി) തിരോധാനവും ഇതില്‍ പെടും. “മരണം മാത്രം പ്രസിദ്ധീകരിക്കല്ലേ. ഗതികേടുകൊണ്ട് ആളുകള്‍ ജീവനെടുക്കുന്നതു് വരെ കാത്തിരിക്കല്ലേ. ഈ വിഷയങ്ങള്‍ പിന്തുടരൂ” എന്ന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വ്യവസ്ഥയെകുറിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയിട്ടുള്ള മേക്പീസ് സിത്ളൂ മറ്റു മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
ആധുനിക കാലത്തും പട്ടികജാതി പട്ടികവര്‍ഗ്ഗ പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അന്യവത്കരിച്ചുകൊണ്ട് ഇടതടവില്ലാതെ കളിയാടുന്ന ജാതീയതയുടെ “സൗമ്യ”മായ രീതികളെ വെബിനാറില്‍ അദ്ധ്യക്ഷനും ജാദവ്പൂര്‍ യൂണിവേര്‍സിറ്റിയില്‍ അദ്ധ്യാപകനും ആയ സുഭജിത് നസ്കര്‍ മുമ്പോട്ടുവെച്ചു. വിദൂര മേഖലകളില്‍ നിന്നുമുള്ള ഗോത്രവര്‍ഗ്ഗത്തില്‍പെട്ട തന്റെ വിദ്യാര്‍ത്ഥികള്‍ കോവിഡിനിടയില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കന്നതില്‍ നേരിടുന്ന സാമ്പത്തികവും അല്ലാത്തതുമായ പ്രശ്നങ്ങളെയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. എഴുത്തു പരീക്ഷകളില്‍ വളരെ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനാഭിമുഖങ്ങളില്‍ മോശം മാര്‍ക്ക് നല്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ജാതി അനുഭവങ്ങളെകുറിച്ച് എഴുതേണ്ടിയിരുന്ന ഒരു അസൈന്‍മെന്റില്‍ തനിക്ക് കുറഞ്ഞ ഗ്രേഡ് ലഭിച്ചതിലെ വിരോധാഭാസത്തെകുറിച്ച് ദളിത് വിമെന്‍ ഫൈറ്റിന്റെ സ്ഥാപകയും പി എച് ഡി പണ്ഡിതയും ആയ റിയ സിങ്ങ് ഓര്‍ത്തുപറഞ്ഞു. ഒറ്റ നോട്ടത്തില്‍ പുരോഗമനപരവും വിശാലമനഃസ്ഥിതിയുള്ളതും എന്നു തോന്നുന്ന അദ്ധ്യയന അന്തരീക്ഷങ്ങളില്‍ പോലും പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എങ്ങനെ സ്ഥിരമായി നിരുത്സാഹിപ്പിക്കപ്പെടുന്നു എന്നതിനെ അവര്‍ പല സംഭവങ്ങളിലൂടെ വിവരിച്ചു. സവര്‍ണ്ണ ഹിന്ദുക്കളെ തങ്ങളുടെ ഉത്സവങ്ങള്‍ ആഡംബരക്കാഴ്ചകളോടെ ഐഐടി കാംപസുകളില്‍ ആഘോഷിക്കാന്‍ അനുവദിക്കുകയും, എന്നാല്‍ ജാതിവിരുദ്ധ പോരാട്ടത്തില്‍ പ്രസക്തമായ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒരുമിക്കുമ്പോള്‍ ക്രമാതീതമായ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അധികാരികളുടെ കാപട്യത്തെ പി എച് ഡി സ്കോളറും ഐഐടി ബോംബെ APPSC അംഗവുമായ തേജേന്ദ്ര പ്രതാപ് ഗൗതം ഊന്നലോടെ ചേര്‍ത്തു.
സംവരണത്തിന് ജോലി സൃഷ്ടിക്കുന്നതിനും പ്രതിനിധീകരണത്തിനുമപ്പുറത്തായിട്ടുള്ള സാധ്യതകളെകുറിച്ച് ഡെല്‍ഹി സര്‍വകലാശാലയിലെ അദ്ധ്യാപികയായ റെഹ്നമൊള്‍ രവീന്ദ്രന്‍ സംസാരിച്ചു. “അത് സ്ഥാപനത്തിന്റെ ഘടനയും അദ്ധ്യയന അന്തരീക്ഷവും കൂടുതല്‍ ജനാധിപത്യപരമാക്കുന്നു. ദളിത്-ബഹുജന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദനീയവും അനൂകൂലവും ആയ സാഹചര്യം ഒരുക്കാന്‍ ദളിത് ബഹുജന്‍ ആളുകള്‍ അധികാരപദവികളിലിരിക്കുന്ന ഒരു പ്രാതിനിധ്യവ്യവസ്ഥ വേണ്ടിരിയക്കുന്നു”, അവര്‍ പറഞ്ഞു. സംവരണനയങ്ങള്‍ ഉണ്ടെങ്കിലും പ്രമുഖ സ്ഥാപനങ്ങള്‍ അവയെ ലംഘിച്ചുകൊണ്ടേയിരിക്കുന്നു. ഉദാഹരണത്തിനു്, ഐഐടി ഡെല്‍ഹിയിലെ 31 ഡിപ്പാര്‍ട്ടമെന്റുകളില്‍ 15 -ഇലും, ഐഐടി ബോംബെയിലെ 26 ഡിപ്പാര്‍ട്ടമെന്റുകളില്‍ 16-ഇലും ഡോക്ടറല്‍ പദ്ധതിയിലേക്കായി 2020 വര്‍ഷത്തില്‍ ഓരൊറ്റ എസ് സി വിദ്യാര്‍ത്ഥിയും ചേര്‍ക്കപ്പെട്ടിട്ടില്ല. ജവഹര്‍ലാല നെഹ്രു സര്‍വകലാശാല, യൂണിവേര്‍സിറ്റി ഓഫ് ഹൈദരാബാദ് തുടങ്ങിയ സെന്റ്രല്‍ യൂണിവേര്‍സിറ്റികളിലും സംവരണ നയം ലംഘിക്കപ്പെട്ട് കാണുന്നുണ്ട്. ഡെല്‍ഹി സര്‍വകലാശാലയില്‍ നയപ്രകാരം ഒ ബി സി വിഭാഗത്തില്‍ നിന്നും 27% അദ്ധ്യാപകര്‍ ഉണ്ടാകേണ്ടിടത്ത് വെറും 4% ത്തോളം അദ്ധ്യാപകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഒരു നിയമസഭാ സമിതി കണ്ടെത്തി. ആ 4%ത്തില്‍ പ്രൊഫസര്‍ പദവിയോ അസോസിയേറ്റ് പ്രൊഫസര്‍ പദവിയോ ആര്‍ക്കും ഇല്ല താനും.
1990ഇല്‍ മണ്ഡല്‍ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം സംവരണം നടപ്പിലാക്കിയപ്പോള്‍ ഡെല്‍ഹി സര്‍വകലാശാല പോലുള്ളവയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാടുനീളെ പ്രതിഷേധ പരമ്പരയിലേര്‍പ്പെട്ടു. ഡെല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി രാജീവ് ഗോസ്വാമി സ്വയം തീ കൊളുത്തി. ഒബിസി വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 2006ഇല്‍ ശ്രമിച്ചപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. ഏ ഐ ഐ എം എസ് (AIIMS)ഇല്‍ നിന്നും വിവിധ ഐഐടികളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇതിനെതിരെ രാജ്യമാകം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. 2008ഇല്‍ ഒബിസി ക്രീമി ലെയര്‍ (നാലര ലക്ഷത്തില്‍ കവിഞ്ഞു വരുമാനുമുള്ള കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍) ഒഴിച്ചുള്ള സംവരണം സുപ്രീം കോടതി ശരി വെച്ചു. 2007ഇല്‍ അന്നത്തെ യു ജി സി ചെയര്‍മാന്‍ ആയിരുന്ന സുഖദേവ് ഥോരാതിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റി ജാതിവിവേചനം അന്വേഷിച്ചു. AIIMSഇലെ ജാതീയപ്രശ്നങ്ങളെ നേരിടാന്‍ ഥോരാത് കമ്മിറ്റി പല നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചു — തുല്ല്യ അവസര സെല്ലുകള്‍ രൂപീകരിക്കാനും, AIIMSഇല്‍ സംവരണനയം നടപ്പാക്കുന്നതില്‍ ആരോഗ്യമന്ത്രാലയത്തിന്റെ സൂക്ഷ്മമായ മേല്‍നോട്ടം വേണമെന്നതുമുള്‍പ്പടെ പലതും. ഥോരാത് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ നാം കാത്തുകൊണ്ടിരിക്കെ സംവരണവിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വിവേചനവും അപമാനവും അനുഭവിച്ചുകൊണ്ടിരിക്കുന്നു.
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വ്യവസ്ഥ എന്തുകൊണ്ട് തുടരുന്നു?
“ഐഐടികളില്‍ ദളിത് ബഹുജന്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നേടാനോ തേടാനോ ഒരു ഇടം ഇല്ല. ആത്മഹത്യയോ പിരിഞ്ഞ്പോവുകയോ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇന്ത്യന്‍ കാംപസുകള്‍ക്കുള്ളിലെ ദളിത് ബഹുജന്‍ സംഘടനകള്‍ നമ്മുടെ സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഐക്യദാര്‍ഢ്യം സൃഷ്ടിക്കുകയും, അതിലൂടെ വൈയക്തികമായ വെല്ലുവിളികള്‍ എന്നു കരുതാതെ ഒരുമിച്ചു നിന്നുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്കു സാധിക്കുകയും വേണം.” — റെഹ്നമൊള്‍ രവീന്ദ്രന്‍, ഡെല്‍ഹി യൂണിവേര്‍സിറ്റി അദ്ധ്യാപിക
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിയും ജാതീയതയും എന്തുകൊണ്ട് തഴച്ചുവളരുന്നു? തേജേന്ദ്രയും സുഭജിത്തും ഓര്‍മിപ്പിച്ചതാണ് അംബേദ്കറിന്റെ വാക്കുകള്‍ ”പ്രബുദ്ധരാവുക, പ്രക്ഷുബ്ധരാവുക, സംഘടിക്കുക”. പക്ഷെ പാര്‍ശ്വവത്കരിക്കപ്പെട്ട ജാതി പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിമോചനത്തിന്റെ ആദ്യത്തെ പടിയായ വിദ്യാഭ്യാസം നേടാന്‍ കഴിയില്ലെന്നുറപ്പുവരുത്തിക്കൊണ്ട് അറിവിനും അറിവിടങ്ങള്‍ക്കും വിലങ്ങുതടിയായി സവര്‍ണ്ണര്‍ നില്‍ക്കുകയാണ്.
ഈ വിലങ്ങിനു പല പല രീതികള്‍ കാരണമാകുന്ന വിധം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനത്തിന്റെ തുടര്‍ച്ചയ്ക്ക് ഇവ സഹായമാവുന്ന വിധം പല മട്ടിലും ഭാവത്തിലും ആണെന്നിരുന്നാലും, അവയെ പ്രധാനമായും മൂന്നു് രീതികളായി തരം തിരിക്കാവുന്നതാണ്. ഒന്നാമത്തെ രീതി ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടുതലായി രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് ഒഴിവാക്കപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ്. രണ്ട് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യത്തെ സംബന്ധിച്ചാണ്. മൂന്നാമത്തേത് അറിവ് ഉത്പാദിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള ഉപാധികളുടെ മേല്‍ സവര്‍ണ്ണ വ്യക്തികളുടെ നിയന്ത്രണത്തെ സംബന്ധിച്ചും.
രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് കാംപസുകളിലെ ജാതി വ്യവസ്ഥയെ നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് റെഹ്നമൊള്‍ എടുത്തുപറഞ്ഞു. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ സംഘടനകളില്‍ നിന്നും വിലക്കിയിട്ടുള്ള ഐഐടി പോലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ ഇതു് മുഴച്ചുകാണാവുന്നതാണ്. കാമ്പസുകളില്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനന്തരഫലങ്ങളെകുറിച്ചുള്ള ഭീഷണി ലഭിക്കുന്നിടത്ത്, ഇടപെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനങ്ങള്‍ ഉറപ്പാകുന്നു. ഇതു കൂടാതെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല/സ്ഥാപന അധികാരികളില്‍ നിന്നും വര്‍ദ്ധിച്ച തോതില്‍ ശിക്ഷണനടപടികള്‍ ഏല്‍ക്കേണ്ടി വരുന്നുണ്ട്. “ഐഐടികളില്‍ ദളിത് ബഹുജന്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നേടാനോ തേടാനോ ഒരു ഇടം ഇല്ല. ആത്മഹത്യയോ പിരിഞ്ഞ്പോവുകയോ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇന്ത്യന്‍ കാംപസുകള്‍ക്കുള്ളിലെ ദളിത് ബഹുജന്‍ സംഘടനകള്‍ നമ്മുടെ സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഐക്യദാര്‍ഢ്യം സൃഷ്ടിക്കുകയും, അതിലൂടെ വൈയക്തികമായ വെല്ലുവിളികള്‍ എന്നു കരുതാതെ ഒരുമിച്ചു നിന്നുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്കു സാധിക്കുകയും വേണം.” അവര്‍ പറഞ്ഞു.
മേല്‍പറഞ്ഞത് ശാസ്ത്രവും ശാസ്ത്രാനുബന്ധപ്പെട്ടതുമായ സ്ഥാപനങ്ങളില്‍ തുലോം കൂടുതല്‍ ആണ്. ജാതീയത പുലര്‍ത്തുന്ന അദ്ധ്യാപകര്‍ക്കെതിരെ ശബ്ദിച്ചാല്‍ ശാസ്ത്രവിദ്യാര്‍ത്ഥികളുടെ തൊഴിലിനു് തന്നെ വിനാശമായേക്കാമെന്ന് സ്വതന്ത്ര ഗവേഷകയായ റാഷേല്‍ ഭാരതി ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇതിനു കാരണം ശാസ്ത്രസമൂഹത്തിന്റെ അടുപ്പവും, പഠനമണ്ഡലം എന്ന നിലയില്‍ ശാസ്ത്രത്തിന്റെ മാപ്പുനല്‍കപ്പെടാത്ത സ്വഭാവവുമാണ്. മേന്മയുടെയും യോഗ്യതയുടെയും സ്വേച്ഛാപരമായ മാനദണ്ഡങ്ങളെ മാത്രം പരിഗണിക്കുകന്ന, വസ്തുനിഷ്ഠമായ മണ്ഡലം എന്ന് ശാസ്ത്രം സ്വയം കല്പിക്കുന്നത് ഇതിനെ കൂട്ടിക്കുഴയ്ക്കുന്നു. സാമാന്യ ജനങ്ങളുടെ ഭാവനയില്‍ ശാസ്ത്രം രാഷ്ട്രീയത്താല്‍ വികൃതമാകാത്തതാണ്. 2006ഇലെ സംവരണ വിരുദ്ധ പ്രതിഷേധങ്ങളുടെ ശക്തമായ പിന്തുണ ശാസ്ത്രസ്ഥാപനങ്ങളില്‍ നിന്നുള്ളവരുടേതായത് എങ്ങനെയെന്ന് , 2,500 ഐഐടി റൂര്‍കി വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പ്രമേയം ഉള്‍പ്പടെ, ഇത് സ്പഷ്ടമാക്കുന്നു. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ, സാമൂഹിക മുന്‍വിധികളില്‍ നിന്നും ശാസ്ത്രവും സ്വതന്ത്രമല്ല. ഐഐഎസ് സി, ഐഐടികള്‍ പോലുള്ള ശാസ്ത്രസ്ഥാപനങ്ങള്‍ ജാതിയിലും ജാതീയതയിലും എങ്ങിനെ പുഷ്ടിപ്പെടുന്നു എന്ന് പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്.
രണ്ടാമത്തേത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ള വ്യക്തികളുടെ പ്രാതിനിധ്യം സംബന്ധിച്ചാണ്. ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സവര്‍ണ്ണരുടെ അതിരുകവിഞ്ഞ പ്രാതിനിധ്യം ഉണ്ട് എന്നതില്‍ തര്‍ക്കം ഇല്ല. ക്ലാസ് മുറികളില്‍ ഇന്ന് ചെറിയ അംശത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കാണാമെങ്കിലും, സ്റ്റാഫ് മുറികള്‍ ഇപ്പോഴും സവര്‍ണ്ണാധിപത്യത്തിലാണ് എന്ന് പത്രപ്രവര്‍ത്തകനായ ദിലീപ് മണ്ഡല്‍ അടിവരയിട്ടുപറഞ്ഞു. TheWire.in ഇലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഐഐടികളിലെ എല്ലാ അദ്ധ്യാപകരും ചേര്‍ന്ന് 3% ത്തില്‍ താഴെ മാത്രമേ സംവരണവിഭാഗങ്ങളില്‍ നിന്നുള്ളവരുള്ളൂ.
സവര്‍ണ്ണരുടെ ഇപ്രകാരമുള്ള അതിമാത്രമായ ആധിപത്യത്തിനു് ദൂരവ്യാപകമായ അനന്തരഫലങ്ങളുണ്ട്. അത് സവര്‍ണ്ണ അക്ഷതിയിലേക്ക് നയിക്കുന്നു – സവര്‍ണ്ണര്‍ക്ക് അറിയാം അവര്‍ ജാതീയതയ്ക്ക് ഉത്തരം പറയേണ്ടിവരില്ലെന്ന്. ക്ലാസില്‍ എന്തുവേണമെങ്കിലും പറയാനും ചെയ്യാനും സീമ സിങ്ങിനുള്ള ആത്മവിശ്വാസത്തെ ഇത് വ്യക്തമാക്കുന്നു. ആര്‍ക്കും, അവരുടെ വാക്കുകള്‍ പ്രകാരം “ന്യൂനപക്ഷ കമ്മീഷന്” ഉള്‍പ്പടെ ആര്‍ക്കും തന്നെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് അവര്‍ വീഡിയോകളില്‍ അഭിമാനിക്കുന്നു. തുല്ല്യ അവകാശ സെല്ലുകളുടെയും, ജാതി അധിഷ്ടിത വിവേചനം ആരോപിക്കപ്പെട്ടിട്ടുള്ള പരാതികളില്‍ അന്വേഷണം നടത്താനും തീര്‍പ്പുകല്പിക്കാനും രൂപീകരിക്കപ്പെടുന്ന കമ്മിറ്റികളുടെയും സമാഹൃതിയെയും ഇത് സ്വാധീനിക്കുന്നു. കൂടാതെ, മേക്പീസും, UoH ഇലെ പി എച് ഡി പണ്ഡിതയായ ശാലിനി മഹാദേവും പറഞ്ഞതുപോലെ, തങ്ങള്‍ അനുഭവിച്ച വിവേചനം ജാതി അധിഷ്ടിതമായിരുന്നു എന്ന് ‘തെളിയിക്കാന്‍’ പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ളവര്‍ വളരെയേറെ കഷ്ടപ്പെടേണ്ടി വരികയും, അതിനാല്‍ തന്നെ ഈ നടപടിക്രമങ്ങള്‍ വളരെ പതുക്കെയുള്ളതും വേദനാജനകവും ആയി മാറുന്നു. കമ്മിറ്റികളുടെ അംഗവിവരങ്ങളും റിപോര്‍ട്ടുകളും പുറത്തുവിടാത്തതും ഇതില്‍ സഹായകമാവുന്നില്ല. ഐഐടി ഖരക്പൂറിന്റെ കാര്യത്തില്‍പോലും, സീമ സിങ്ങ് സംഭവം അന്വേഷിക്കുന്ന കമ്മിറ്റിയിലെ അംഗങ്ങള്‍ ആരെന്നതിനെകുറിച്ച് സ്ഥാപനം വാ തുറക്കുന്നില്ല.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതീയമായി തുടരുന്നതിന്റെ മൂന്നാമത്തെ രീതി മെറിറ്റ് എന്നതിന്റെ വിഭാവനത്തിലൂടെയാണ് — അറിവ് ഉത്പാദിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ആര്‍ക്കാണ് അവസരം ലഭിക്കേണ്ടത് എന്നതിനെ താത്വീകരിക്കുന്നതിലൂടെ. പാര്‍ശ്വവത്കരിക്കപ്പെട്ട ജാതി പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിലേക്കും തൊഴിലിലേക്കും വഴി തുറക്കാന്‍ സഹായിക്കുന്ന ഒരു നീതി വ്യവസ്ഥ എന്നു സംവരണത്തെ കാണാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കഴിവാധിപത്യത്തെ (മെറിറ്റോക്രസി) അത് നേര്‍പ്പിക്കുന്നതായാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. മെറിറ്റ് എന്നത് തന്നെ സ്വേച്ഛാപരവും, പക്ഷപാതപൂര്‍ണ്ണവും, വിവേചനപരവും ആണെന്നതിന് ശക്തമായ വാദങ്ങളും തെളിവുകളും ഉണ്ട്, പക്ഷെ അവ അവഗണിക്കപ്പെടാറാണ് പതിവ്. വൈശാലി പറയുന്നതു പ്രകാരം, “ദളിത് വിദ്യാര്‍ത്ഥിയുടെ സന്ദേഹാസ്പദമായ മെറിറ്റുിലൂടെ” ജാതീയത പ്രത്യക്ഷമായും പരോക്ഷമായും വെളിപ്പെടുകയും, ഇത് ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയില്‍ ജാതി വിരുദ്ധ പാണ്ഡിത്യത്തിന്റെ ഗാഢവും പൂര്‍ണ്ണവുമായ തുടച്ചുനീക്കലിലേക്കു നയിക്കുകയും ചെയ്യുന്നു. ഇന്നും പ്രസക്തമായ മൗലികവും വിപ്ലവാത്മകവുമായ അംബേദ്കര്‍ കൃതികള്‍ പാടേ മറന്നുകൊണ്ട് സ്കൂള്‍ പുസ്തകങ്ങള്‍ ആധുനിക ഇന്ത്യയുടെ രൂപീകരണത്തില്‍ അംബേദ്കറിന്റെ പങ്ക് “ഭരണഘടനയുടെ പിതാവ്” എന്ന ചിത്രത്തിലേക്ക് ചുരുക്കുന്നത് ഇതിന്റെ ഒരു ഉദാഹരണം ആണ്. ജാതിവിരുദ്ധ രചനകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് പാര്‍ശ്വവത്കരിക്കപ്പെട്ട ജാതി പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രധാനമാണെന്നും, അതവരെ സഹായിക്കുമെന്നും വൈശാലി ഉറപ്പിച്ചുപറഞ്ഞു. ജാതിസംബന്ധപ്പെട്ടതല്ലാത്ത വിഷയങ്ങളില്‍ ഗൗരവമായി ഇടപെടുന്നതിലും അറിവ് നേടുന്നതിലും നിന്ന് പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നിരുത്സാഹപ്പെടുത്തുന്നതായി UoH വിദ്യാര്‍ത്ഥിയും അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ (ഇന്‍ ചാര്‍ജ്) ജെനറല്‍ സെക്രട്ടറിയും ആയ പ്രജ്വല്‍ ഗായ്കവാഢ് കൂട്ടിച്ചേര്‍ത്തു. അറിവിനെ ഇപ്രകാരം തടഞ്ഞുവെക്കുന്നതിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് വിഷയങ്ങളിലേക്ക് സംഭാവനകള്‍ നല്‍കാനുള്ള സാമര്‍ത്ഥ്യം പരിമിതപ്പെടുത്തപ്പെടുകയും, ജാതിയെകുറിച്ച് പറയാനും എഴുതാനും മാത്രമേ അവര്‍ക്ക് കഴിയുള്ളൂ എന്നുള്ള മുന്‍വിധി ശക്തപ്പെടുകയും ചെയ്യുന്നു.
കാംപസുകളിലെ ജാതി അധിഷ്ടിത വിവേചനത്തില്‍ നിന്നും സംരക്ഷണത്തിനായും അതിനെതിരെ ശിക്ഷാ നടപടികള്‍ നിര്‍ദ്ദേശിക്കാനായും നിയമങ്ങളുടേയും നിയമതത്വങ്ങളുടേയും അഭാവമുണ്ടെന്നതില്‍ പാനല്‍ അംഗങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നു. രോഹിതിന്റെ ചരമാനന്തരം ഇതേ കാരണം കൊണ്ടാണ് “രോഹിത് ആക്റ്റ് ” വരണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജാതി പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിമോചനത്തിനെ മനസ്സിലാ മനസ്സോടെ സമീപിക്കുന്നതില്‍ അവര്‍ അസംതൃപ്തി പ്രകടിപ്പിച്ചു. സീമ സിങ്ങ് സംഭവത്തിലൂടെ വെട്ടത്തിലെത്തിയ ഐഐടികളിലെ ഒരുവര്‍ഷ പ്രിപറേറ്ററി കോര്‍സ് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. മേക്പീസിന്റെ വാക്കുകള്‍ പ്രകാരം, ഈ പ്രിപറേറ്ററി ക്ലാസുകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നവിധം അല്ല രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. മറിച്ച്, സവര്‍ണ്ണരുടെ കണ്ണിലെ സ്വന്തം മഹാമനസ്കതയുടെയും ആത്മസേവയുടെയും ഫലമാണ് ഇത്. പ്രിപറേറ്ററി കോര്‍സിന്റെ കാര്യക്ഷമത അളക്കുവാനായി അതില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സിനു മുമ്പും ശേഷവും പരീക്ഷാമൂല്യനിര്‍ണ്ണയം നടത്തണമെന്ന് മേക്പീസ് ശുപാര്‍ശ ചെയ്തു.
“മരിക്കാനല്ലിവിടുള്ളത് നാം”: മുന്നോട്ടുള്ള വഴി
വെബിനാറിനിടെ ശാലിനി പറഞ്ഞ ഒരു വാക്യം എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞു. “വീ ആര്‍ നോട്ട് ഹിയര്‍ റ്റു ഡൈ” (മരിക്കാനായാല്ല നമ്മള്‍ ഇവിടുള്ളത് ). നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ചില മാര്‍ഗങ്ങള്‍ അവരും ചര്‍ച്ചയിലുള്ള മറ്റംഗങ്ങളും നിര്‍ദ്ദേശിച്ചു. അവ ഇവിടെ ചുരുക്കിപ്പറയുന്നു:
- ഐക്യദാര്‍ഢ്യത്തിനും, പിന്‍തുണയ്ക്കും, ശാക്തീകരണത്തിനും വേണ്ടി കാംപസുകളില്‍ ബഹുജന്‍ കൂട്ടായ്മകള്‍ ഉണ്ടാക്കുന്നത് സുപ്രധാനമാണ്. ബിര്‍സ, അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റസ് അസോസിയേഷന്‍, എഎസ്എ, ഏപിപിഎസ് സി തുടങ്ങിയ വിദ്യാര്‍ത്ഥി കൂട്ടങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജാതി പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുക മാത്രമല്ല, ആ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്‍തുണയും ലഭിക്കുന്ന പ്രാധാന്യമുള്ള ഇടങ്ങളാവുകയും ചെയ്യുന്നു.
- സംവരണനയം ശരിയായി നടപ്പാക്കുന്നതില്‍ കൂടുതല്‍ സൂക്ഷ്മതയും ശ്രദ്ധയും വേണ്ടിയിരിക്കുന്നു
- കാംപസുകളിലെ ജാതി അധിഷ്ടിത വിവേചന/അധിക്ഷേപ പരാതികള്‍ കൈകാര്യം ചെയ്യാന്‍ അധികൃതരുടെയും നിയമത്തിന്റെയും ഭാഗത്തുനിന്നു സംവിധാനങ്ങള്‍ ഉണ്ടാകണം. രോഹിത് ആക്റ്റിന്റെ രൂപീകരണവും നടപ്പിലാക്കലും ഈ കാര്യത്തില്‍ നിര്‍ണ്ണായകമാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള തുല്ല്യാവസര സെല്ലുകള്‍ ഉണ്ടാവുകയും അതിന്റെ മേല്‍നോട്ടം വഹിക്കാന്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജാതി പശ്ചാത്തലങ്ങളില്‍ നിന്നുള്ള അധികൃതരെ നിയമിക്കുകയും വേണം.
- പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ള ജനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ അധികാരം നേടിയെടുക്കേണ്ടിയിരിക്കുന്നു. അംബേദ്കര്‍, ഫൂലെ, പെരിയാര്‍ ആശയങ്ങള്‍ പിന്‍തുടരുന്ന പാര്‍ട്ടികളെ അനുകൂലിക്കേണ്ടിയിരിക്കുന്നു.
- ഉന്നതവിദ്യാഭ്യാസമേഘലയില്‍ ജാതിയേയും ജാതീയതയേയും ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം.
- മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും പാര്‍ശ്വവത്കരിക്കപ്പെട്ട പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ മരണത്തിനായി കാത്തുനില്‍ക്കാതെ ജാതിയെകുറിച്ചും ജാതീയതയെകുറിച്ചും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ശ്രദ്ധിക്കണം.
- എസ് സി, എസ് ടി, ഒ ബി സി സെല്ലുകള്‍ സ്ഥാപിക്കണം. ഇവയിലെ അംഗങ്ങള്‍ തീര്‍ത്തും പാര്‍ശ്വവത്കരിക്കപ്പെട്ട പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കണം.
- പാര്‍ശ്വവത്കരിക്കപ്പെട്ട പല വിഭാഗങ്ങളുടെയും ഇടയിലുള്ള ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കപ്പെടണം.
- അന്താരാഷ്ടീയ ഐക്യദാര്‍ഢ്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ജാതിയും ജാതീയതയും ലോകപ്രശ്നമായി അറിയപ്പെടുകയും ലോകം മുഴുവന്‍ പിന്‍തുണ ഉണ്ടാവുകയും വേണം.
- സവര്‍ണ്ണര്‍ അവര്‍ക്ക് ജാതി നല്‍കുന്ന ആനുകൂല്യങ്ങളെ ചോദ്യം ചെയ്യുകയും, നിരൂപണപരമായി പരിശോധിക്കുകയും ചെയ്യണം. ജാതിയെയും ജാതീയതെയും പറ്റി സവര്‍ണ്ണര്‍ സൃഷ്ടിച്ച വമ്പന്‍ കൃതിസംഹിതകള്‍ അവിടെ നില്കെ, അവര്‍ സ്വന്തം സവര്‍ണ്ണതയെകുറിച്ച് നിരൂപണാത്മകമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.